“നിനക്ക് വീട്ടിൽ എന്താ പണി”, “ഒരു പണിക്കും പോകാതെ വീട്ടിൽ തന്നെ ഇരിക്കാമല്ലോ” എന്ന് തുടങ്ങിയ ചോദ്യങ്ങൾ കേൾക്കാത്ത ഒരു വീട്ടമ്മ പോലുമുണ്ടാകില്ല. ഭർത്താവിൽ നിന്നും മക്കളിൽ നിന്നും എല്ലാം ഈ ചോദ്യങ്ങൾ കേൾക്കുമ്പോഴും മറുത്ത് ഒരക്ഷരം പോലും പറയാതെ അവൾ അവർക്ക് വേണ്ടി ജീവിക്കുന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നതു പോലെയാണ് ചിലർക്കെങ്കിലും അവരുടെ ജീവിത പങ്കാളി.
നഷ്ടപ്പെട്ടു പോകുമ്പോൾ മാത്രമായിരിക്കും അവർ എന്തെല്ലാമായിരുന്നു എന്നും അതു വരെ അവർ നമുക്ക് ചെയ്തുകൊണ്ടിരുന്നതും, നമ്മുടെ ജീവിതത്തിൽ അവർക്കുള്ള പ്രാധാന്യവും നമ്മൾ തിരിച്ചറിയുന്നത്. അച്ചു വിപിൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഭാര്യ മരിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ അനുശോചനങ്ങൾ അറിയിക്കാൻ എത്തിയ എല്ലാവരും മടങ്ങി. ഒടുവിൽ അവളുടെ ഗന്ധമുള്ള ആ വീട്ടിൽ ഭർത്താവും മക്കളും മാത്രം തനിച്ചായി.
കുടുംബത്തിന്റെ നെടുംതൂണായ അവൾ ഇനി ഇല്ല എന്ന സത്യം അയാൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഭർത്താവിനും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച ഒരു പെണ്ണായിരുന്നു അവൾ. സ്വന്തം വീട്ടിലേക്ക് പോയാൽ പോലും ഭർത്താവും മക്കളും തനിച്ചാണ് എന്ന് പറഞ്ഞു വൈകുന്നേരമാകുമ്പോഴേക്കും വെപ്രാളപ്പെട്ട് അവൾ ഓടിയെത്തും. അവധി ദിവസങ്ങളിൽ ഭർത്താവും മക്കളും ടിവി കണ്ട് അവധി ആഘോഷിക്കുമ്പോൾ രാവിലെ മുതൽ രാത്രി വരെ അവൾ അടുക്കളയിൽ പണിയുമായി മുഴുകും.
ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ടിവിക്ക് അരികിലേക്ക് വന്നാൽ, എടി ചായ, അമ്മെ വെള്ളം എന്ന് പറഞ്ഞു വീണ്ടും അവളെ അടുക്കളയിലേക്ക് പറഞ്ഞയച്ചു. ഭർത്താവ് പറയുന്നതിനു മുമ്പ് തന്നെ അയാളുടെ മുന്നിലേക്ക് ചായയും വെള്ളവുമായി അവൾ വന്നിരുന്നു. എന്നാൽ ഇന്ന് അയാൾക്ക് ഒരു കപ്പ് ചായയും വെള്ളം കൊടുക്കാൻ ആരുമില്ല. രാത്രി വൈകി വരുമ്പോൾ പരിഭവപ്പെടുമായിരുന്ന ഭാര്യയെ അയാൾ ഗൗനിക്കുക പോലുമില്ലായിരുന്നു.
ഓഫീസിൽ നിന്നും വരുന്ന ഭർത്താവിനെ കാത്തിരിക്കുക, കറന്റ് ബില്ല്, വീട്ടിലേക്കുള്ള പച്ചക്കറി തുടങ്ങിയ ഓർമ്മപ്പെടുത്തലുകളും പരിഭവങ്ങളും ഒന്നും ഇനി ഇല്ല എന്ന സത്യം അയാൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. വീട്ടിലെ ജോലികളെല്ലാം കഴിഞ്ഞ് രാത്രി കിടപ്പുമുറിയിൽ എത്തി നെഞ്ച് വേദനിക്കുന്നു, കാൽ വേദനിക്കുന്നു എന്ന് പറയുമ്പോൾ ദിവസം മുഴുവനും ഒരു പണിയെടുക്കാതെ വീട്ടിലിരുന്നിട്ട് ആണെന്നും രാവിലെ നടക്കാൻ പോകു, ആ പിത്തമൊക്കെ ഇളകട്ടെ എന്ന് അയാൾ പറയും.
അതുകേട്ട് ഒന്നും മിണ്ടാതെ അവളുടെ കണ്ണുകൾ നിറയുമ്പോൾ അയാൾ അത് കണ്ടില്ലെന്ന് നടിക്കും ആയിരുന്നു. ആ നെഞ്ചുവേദന ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ നിന്ന് അവളെയും കവർന്നെടുത്തു പോയപ്പോഴേക്കും എല്ലാം വൈകിയിരുന്നു. വീടുപണി അത്ര എളുപ്പമുള്ളതല്ല എന്ന് ഓരോ ദിവസം കഴിയുമ്പോൾ അയാൾ തിരിച്ചറിഞ്ഞു. അവളെ കുറ്റപ്പെടുത്തിയിരുന്ന ഓരോ നിമിഷത്തെയും അയാൾ സ്വയം പഴിച്ചു.
അലമാര മുഴുവനും അലക്കിത്തേച്ച ഒരു ഷർട്ടിന് വേണ്ടി പരതിയപ്പോൾ ഇന്ന് ഈ മഞ്ഞ ഷർട്ട് ഇട്ടോളൂ എന്ന് പറഞ്ഞു അലക്കി തേച്ച ഷർട്ട് അയാളിലേക്ക് നീട്ടിയ ഭാര്യയെ അയാളോർത്തു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ വന്നു വാതിൽ തുറന്നു കൊടുക്കാനോ കാത്തിരിക്കാനോ ഇന്ന് അയാൾക്ക് ആരുമില്ല. കാലിൽ കയറിയപ്പോൾ അച്ഛൻ വന്നത് പോലുമറിയാതെ മൊബൈൽ നോക്കിയിരിക്കുന്ന മക്കളും അവർക്ക് സമീപമായി ഓരോ സാധനങ്ങൾ അലക്ഷ്യമായി കിടക്കുന്നത് വേദനയോടെ അയാൾ നോക്കിക്കണ്ടു.
കുളി കഴിഞ്ഞതിനു ശേഷം ഒരു ഗ്ലാസ് ചായയ്ക്ക് വേണ്ടി അടുക്കളയിൽ പോയപ്പോൾ ഭക്ഷണം കഴിച്ചിട്ട് സിങ്കിൽ കുന്നു കൂടിയ പാത്രങ്ങളും പൊട്ടിച്ച നൂഡിൽസ് കവറുകളും എല്ലാം ആയിരുന്നു കണ്ടത്. പാത്രങ്ങളെല്ലാം കഴുകി രണ്ട് ആപ്പിൾ മുറിച്ചു കഴിച്ചതിനു ശേഷം കിടപ്പ്മുറിയിലേക്ക് കിടക്കാൻ വന്ന അയാൾ മുറിയിൽ ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുമ്പ് ചുമരിൽ വച്ചിരിക്കുന്ന അവളുടെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്ക് വേദനയോടെ നോക്കി.
ഇന്നലകളിൽ അയാൾ അവഗണിച്ചതെല്ലാം ഇന്ന് ലഭിക്കേണ്ട സന്തോഷങ്ങളായിരുന്നു എന്നോർത്തപ്പോൾ അറിയാതെ അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. ഈ കുറിപ്പ് വായിക്കുന്ന ഓരോ ആളുകൾക്കും ഇതിലെ കഥാപാത്രം ഞാൻ തന്നെ അല്ലെ എന്ന് തോന്നിപ്പോകും. കണ്ണുള്ളപ്പോൾ മാത്രേ കണ്ണിന്റെ വിലയറിയൂ. കാഴ്ച പോയിട്ട് കണ്ണിന്റെ മഹത്വം വിളമ്പിയിട്ട് ഒരു പ്രയോജനവുമില്ല. അത് കൊണ്ട് ഇന്ന് നിങ്ങൾ നിങ്ങളുടെ പങ്കാളിയെ അവഗണിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും മാറ്റുക.